തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ വിജയവാഡയില്‍ കണ്ടെത്തി. താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളി സമാജം പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. കാണാതായി 37 മണിക്കൂറിനു ശേഷമാണ് കണ്ടെത്തുന്നത്. കുട്ടിക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നതായി സമാജം പ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ കുഞ്ഞിനെ ആര്‍പിഎഫ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് അസം സ്വദേശികളുടെ മകളെ കാണാതായത്. തുടര്‍ന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴക്കൂട്ടത്തെ വിവിധ ഭാഗങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ ഇന്ന് കുട്ടി ബാംഗ്ലൂര്‍ – കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്തതിനു തെളിവ് ലഭിച്ചിരുന്നു. ട്രെയ്നില്‍ ഇരിക്കുന്ന കുട്ടിയുടെ ചിത്രം സഹയാത്രികയായ ബബിത എന്ന വ്യക്തി പകര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കഴക്കൂട്ടം വടക്കുംഭാഗം വീട്ടില്‍ നിന്നാണ് കാണാതായത്. അമ്മയോട് പിണങ്ങി ഇറങ്ങിപ്പോയതായാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.