പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വായ്പുണ്ണ്. മൗത്ത് അള്‍സര്‍ എന്നറിയപ്പെടുന്ന വായ്പ്പുണ്ണ് വേദനാജനകമാണ്. മഞ്ഞ, വെള്ള നിറത്തില്‍ വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് വിളിക്കുന്നത്. എന്നാല്‍ പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് ഇത് ഭേദമാകുന്നതിനാല്‍ ആരും തന്നെ ഇത് ഗൗരവത്തില്‍ എടുക്കാറില്ല. വായിലുണ്ടാകുന്ന ചതവ്, അലര്‍ജി അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ എന്നിവയാണ് പലപ്പോഴും വായ്പുണ്ണ് വരാന്‍ വഴിയൊരുക്കുന്നത്.
എന്താണ് വായ്പ്പുണ്ണ് വരാനുള്ള കൃത്യമായ കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ചില പ്രശ്‌നങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക് വായ്പുണ്ണ് ഉണ്ടായേക്കാം. അതിനാല്‍ ഒന്നാണ് ചിലര്‍ക്ക് മസാലയും എണ്ണമയമുള്ള ഭക്ഷണവും കഴിച്ചാല്‍ വായയില്‍ ഇത്തരത്തില്‍ പ്രശ്‌നം ഉണ്ടാകുന്നത്. ഇതിനു പുറമെ വിറ്റാമിന്‍ ബി 12 ന്റെ കുറവും വായ്പുണ്ണിന് കാരണമാകാം.
കൂടാതെ പുകവലി ഉപേക്ഷിക്കുന്നവരില്‍ വായ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍ത്തവ കാലയളവിലും യൗവന ഘട്ടത്തിലും ഗര്‍ഭാവസ്ഥയിലും ശരീരത്തില്‍ പലതരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ ചിലരില്‍ വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തവരില്‍ വായ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈകാരികമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നവരില്‍ വായ്പുണ്ണ് പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പലപ്പോഴും വായ്പുണ്ണ് വന്നാല്‍ ഡോക്ടറെ കാണാറില്ല. വീട്ടിലെ ചില പൊടിക്കൈകള്‍ കൊണ്ട് ഒരുപരിധിവരെ നമുക്ക് വായ്പുണ്ണ് കുറയ്ക്കാന്‍ സാധിക്കും. അതില്‍ ഒന്നാണ് ഗ്രാമ്പൂ ഉപയോഗിക്കുന്നത്. ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ ഫലപ്രദമെന്ന് അറിയപ്പെടുന്ന ഗ്രാ്മ്പൂ വയറ്റിലെ അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വായ്പുണ്ണ് അകറ്റാന്‍ കറ്റാര്‍വാഴയും ഏറെ നല്ലതാണ്. സ്വാഭാവികമായും വേര്‍തിരിച്ചെടുത്ത കറ്റാര്‍ വാഴ നീര് എടുത്ത് വായിനകത്ത് പുണ്ണുള്ള ഭാഗത്ത് പുരട്ടുക. കറ്റാര്‍ വാഴയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ നിങ്ങള്‍ക്ക് തല്‍ക്ഷണ ആശ്വാസം നല്‍കാന്‍ സഹായിക്കും.
വായ്പുണ്ണിനെ ചെറുക്കാന്‍ തേനും ഏറെ നല്ലതാണ്. തേനിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കൂടാതെ ഇത് ഒരു നല്ല പ്രകൃതിദത്ത വേദന സംഹരി മരുന്നും ആണ്. അതിനാല്‍, നിങ്ങള്‍ക്ക് വായയില്‍ പഴുപ്പും പുണ്ണും ഉണ്ടാകുമ്പോള്‍, അല്പം പഞ്ഞി എടുത്ത് അതില്‍ തേന്‍ ഒഴിച്ച്, ഇത് പഴുപ്പുള്ള ഭാഗത്ത് പുരട്ടുക. വീക്കം കുറയുന്നുവെന്നും വേദന കുറയുന്നുവെന്നും നിങ്ങള്‍ക്ക് തോന്നുന്നതുവരെ ഇത് എല്ലാ ദിവസവും ചെയ്യുക.
വായ്പുണ്ണ് അകറ്റുവാനുള്ള ഒരു ഫലപ്രദമായമറ്റൊരു പരിഹാരമാണ് ആപ്പില്‍ സിഡര്‍ വിനാഗിരിയുടെ ഉപയോഗം. ആപ്പിള്‍ സിഡര്‍ വിനാഗിരിയുടെ അസിഡിറ്റി ആണ് ഇതിന് സഹയിക്കുന്നത്. വായയുടെ അകത്ത് പുണ്ണ് ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ ആപ്പിള്‍ സിഡര്‍ വിനാഗിരിയുടെ ഈ സവിശേഷത ഗുണകരമായി പ്രവര്‍ത്തിക്കുന്നു.