23 December 2024

2024ൽ മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാകും മോഹൻലാൽ സിനിമയിൽ എത്തുകയെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരിക്കുന്ന സിനിമയുടെ വൻ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസ് ചെയ്യുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബർ ആറിന് ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും എന്നാണ് വിവരം. അഞ്ച് മണിക്കാണ് റിലീസ്. നേരത്തെ ഡിസംബർ 2ന് ടീസർ എത്തുമെന്ന് വിവരമുണ്ടായിരുന്നു. ടീസർ റിലീസ് വിവരം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.

അടുത്തകാലത്തായി ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങൾ ജനശ്രദ്ധനേടിയിരുന്നെങ്കിലും പരാജയം നേരിട്ടിരുന്നു. തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് വിലയിരുത്തലുകൾ. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

അതേസമയം, നേര് ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് നേര്. ലീ​ഗൽ ജോണറിൽ ഒരുങ്ങുന്ന സിനിമ ഡിസംബര്‍ 21ന് തിയറ്ററിലെത്തും. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രിയാമണിയാണ് നായികയായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!