25 December 2024

ബെംഗളൂരു: മുഡ കുംഭകോണ കേസില്‍ ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് എതിര്‍ കക്ഷികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ വാദം. 2013 -18ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ നിയമത്തില്‍ ഭേദഗതി വരുത്തി ഭൂമി കൈമാറ്റം നടത്തിയതിന്റെ തെളിവ് സാമൂഹ്യപ്രവര്‍ത്തക സ്നേഹമയി കൃഷ്ണ കോടതിക്ക് കൈമാറിയിരുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കര്‍ണാടക രാജ് ഭവന്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചിട്ടുണ്ട്. ഭൂമി കുംഭകോണ കേസില്‍ സിദ്ധരാമയ്യക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഇന്നും എതിര്‍കക്ഷികള്‍ സമര്‍പ്പിക്കും. പ്രോസിക്യൂഷന്‍ അനുമതി നിയപരമായി നിലനില്‍ക്കുന്നതല്ലെന്നതാണ് സിദ്ധരാമയ്യയുടെ അഭിഭാഷകന്റെ വാദം .

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

പാര്‍വ്വതിക്ക് അവരുടെ സഹോദരന്‍ നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!