കൊച്ചി : കേരളത്തിന്റെ ടൂറിസം മേഖലയില്‍ വന്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്ന സീ പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കലിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 9:30 ഓടെയാണ് വിമാനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. തുടർന്ന് കൊച്ചി കായലിൽ നിന്ന് പറന്നുയർന്ന വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. ഇതോടെ സീ പ്ലെയിനിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി.
കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ പരീക്ഷണപ്പറക്കല്‍ നടന്നത്. ജലവിമാനം ഇന്നലെ ബോള്‍ഗാട്ടി കായലില്‍ എത്തിച്ചിരുന്നു. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കല്‍.
ആറു മാസത്തിനകം പദ്ധതി കൊമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാന്‍ ആവുന്ന ആംഫീബിയന്‍ വിമാനമാണ് സീ പ്ലെയിന്‍ പദ്ധിക്ക് ഉപയോഗിക്കുക. കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനമാണിത്.
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിംഗ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളിലുള്ള ചെറുവിമാനങ്ങളാണിത്.
1200 രൂപയാണ് യാത്രയ്ക്കുള്ള ചെലവ് പ്രതീക്ഷിക്കുന്നത് എന്നാണ് വിവരം. 250 കിലോ മീറ്റര്‍ 2000 രൂപ എന്ന നിലയില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാത്രക്കാരില്‍ നിന്ന് ഈടാക്കാനുമാകും.
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍. എല്ലാ ജില്ലകളിലും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാവും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്ക് പുറമെ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയവ വാട്ടര്‍ ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുണ്ട്.