തിരുവനന്തപുരം: പോത്തന്‍കോട് കൊയ്ത്തൂര്‍കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തില്‍ ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ അറസ്റ്റിലായ പ്രതി തൗഫീക്ക് പോക്‌സോ കേസിലടക്കം പ്രതിയാണ്. ഇന്ന് രാവിലെയാണ് 69കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിടിയിലായ തൗഫീഖ് നിരവധി കേസിലെ പ്രതിയും സ്ഥിരം മോഷ്ടാവുമാണ്.
മോഷ്ടിച്ച ബൈക്കില്‍ എത്തി കൃത്യം നിര്‍വഹിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇയാളുടെ പക്കല്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീ ധരിച്ചിരുന്ന കമ്മല്‍ പൊലീസ് കണ്ടെത്തി. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നതായി കാണാം.
69കാരിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് കൊല്ലപ്പെട്ട സ്ത്രീക്ക് ഉണ്ടായിരുന്നു.