എറണാകുളം: ചോറ്റാനിക്കരയിൽ ഭർത്യുവീട്ടിൽ യുവതിയായ ശാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുമേലി സ്വദേശിയുമായ ഷൈജുവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഈ വിഷയത്തിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
തിങ്കളാഴ്ചയാണ് ഷൈജുവിന്‍റെ ഭാര്യ ശാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം. വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ പ്രതി ഷൈജു കുറ്റം സമ്മതിച്ചു.
മദ്യം കൊടുത്ത് ശാരിയെ അബോധാവസ്ഥയിലാക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്തു മുറുക്കിയും നൈറ്റി കൊണ്ട് മുഖം അമർത്തിയുമാണ് കൊലപാതകം നടത്തിയത്. തുടർന്ന് ഷാളുകൾ കൂട്ടിക്കെട്ടി മുറിയുടെ കഴുക്കോലിൽ മൃതദേഹം കെട്ടിതൂക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ആത്മഹത്യയാണെന്ന് പറഞ്ഞ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.