കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയ്‌ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാല്‍ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാര്‍ട്ടി നില്‍ക്കില്ല. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, എഡിഎം നവീന്‍ ബാബുവിന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ക്ലീന്‍ ചിറ്റ് നല്‍കി. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഗീത ഐഎഎസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫയല്‍ നീക്കത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി പി ദിവ്യ ഒഴികെ 17 പേരുടെ മൊഴിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ രേഖപ്പെടുത്തിയത്.
കണ്ണൂര്‍ കളക്ടറുടെയും പരാതിക്കാരനായ പ്രശാന്തന്റെയും കളക്ടറേറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എ ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങള്‍ അന്വേഷിക്കാനായിരുന്നു ഗീതയെ ചുമതലപ്പെടുത്തിയത്.
എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാം, എഡിഎമ്മിനെതിരായ ദിവ്യയുടെ ആരോപണങ്ങള്‍, ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍, എന്‍ഒസി നല്‍കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ഗീത ഐഎഎസ് അന്വേഷിച്ചത്.
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 29-ലേക്ക് മാറ്റിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.