24 December 2024

‘നന്ദിനി’ ഇനി ഡല്‍ഹിയിലേക്ക്…….തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിന് പ്രത്യേകമായി നെയ്യ് നല്‍കുന്ന കര്‍ണാടകയിലെ പ്രശസ്ത പാല്‍ ബ്രാന്‍ഡായ നന്ദിനി മില്‍ക്ക് ഡല്‍ഹി വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഗുണനിലവാരത്തോടും പാരമ്പര്യത്തോടുമുള്ള നെയ്യ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്ദിനി, തിരുപ്പതി ലഡ്ഡൂകളുടെ നെയ്യ് വിതരണം എന്ന ലക്ഷ്യം ഏറ്റെടുത്തത്. ഇന്ന് രാജ്യതലസ്ഥാനത്ത് ബ്രാന്‍ഡ് ഔദ്യോഗികമായി അവതരിപ്പിക്കും. നന്ദിനി മില്‍ക്കിന്റെ ഡല്‍ഹിയിലേക്കുള്ള ആദ്യ പ്രവേശനം അടയാളപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നതോടെ ഡയറി വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന അമുല്‍, മദര്‍ ഡെയറി തുടങ്ങി വിപണിയില്‍ മേല്‍ക്കൈയ്യുള്ള ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് നന്ദിനി മില്‍ക്ക്. കര്‍ണാടക മില്‍ക്ക് ഫെഡറേഷനാണ് പദ്ധതിക്ക് പിന്നിലുള്ളത്.

കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ, ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളില്‍ ഉല്‍പ്പന്നങ്ങളുള്ള കെഎംഎഫ് ഇതിനകം തന്നെ ദക്ഷിണ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ നന്നായി വിപണിയുള്ള ബ്രാന്‍ഡാണ്. മഹാരാഷ്ട്രയില്‍, മുംബൈ, പൂനെ, നാഗ്പൂര്‍, സോലാപൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നന്ദിനി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഡല്‍ഹി വിപണിയില്‍ പ്രവേശിക്കുന്നതിലൂടെ ഉത്തരേന്ത്യയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും മത്സരാധിഷ്ഠിതമായ ഡയറി വിപണിയുടെ ഒരു പങ്ക് പിടിക്കാനുമാണ് കെഎംഎഫ് ലക്ഷ്യമിടുന്നത്.

നവംബര്‍ 21 മുതല്‍ ഡല്‍ഹിയില്‍ നന്ദിനി പാല്‍ ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ലഭ്യമാകുമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അറിയിച്ചു. സംസ്ഥാനത്ത് തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനായി 2024 നവംബര്‍ 26 ന് കര്‍ണാടകയില്‍ ദോശ, ഇഡ്ലി മാവ് അവതരിപ്പിക്കാനും ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്. ഉത്തരേന്ത്യയിലെ വീടുകളില്‍ അമുലും മദര്‍ ഡയറിയും ആധിപത്യം പുലര്‍ത്തുന്നെങ്കില്‍, ദക്ഷിണേന്ത്യയില്‍ നന്ദിനി മില്‍ക്കിനാണ് അതേ റാങ്കിംഗ്. കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നന്ദിനി, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നിവയുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളിലുടനീളം വിപുലമായ വിതരണ ശൃംഖലയുള്ള കര്‍ണാടകയിലെ ഏറ്റവും വലിയ പാല്‍ ബ്രാന്‍ഡാണ്. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (അമുല്‍) കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷീര സഹകരണ സംഘമാണ് കെഎംഎഫ്.

കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ ആദ്യത്തെ ക്ഷീര സഹകരണ സംഘങ്ങള്‍ കുടക് ജില്ലയിലെ കുടിഗെയില്‍ 1955-ലാണ് ആരംഭിക്കുന്നത്. അക്കാലത്ത് പായ്ക്കറ്റ് പാല്‍ സംവിധാനമില്ലാതിരുന്നതിനാല്‍ കര്‍ഷകര്‍ നേരിട്ട് വീടുകളില്‍ പാല്‍ എത്തിച്ചിരുന്നു. പിന്നീട് പാലിന്റെ ക്ഷാമം അനുഭവപ്പെട്ടാന്‍ തുടങ്ങി. 1970-കളില്‍ ഇന്ത്യയുടെ ധവളവിപ്ലവത്തിന്റെ കാലത്ത് ലോകബാങ്ക് പദ്ധതികളുടെ പിന്തുണയോടെ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നില്ല. 1974-ല്‍ കര്‍ണാടക സര്‍ക്കാര്‍ ഈ ഡയറി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കര്‍ണാടക ഡയറി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഡിസിസി) രൂപീകരിച്ചു. 1984-ഓടെ കെഡിസിസിയെ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. അത് പിന്നീട് ‘നന്ദിനി’ എന്ന ബ്രാന്‍ഡില്‍ പാക്കു ചെയ്ത പാലും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ തുടങ്ങി. കാലക്രമേണ, ‘നന്ദിനി’ കര്‍ണാടകയിലെ ഏറ്റവും ജനപ്രിയമായ ഡയറി ബ്രാന്‍ഡായി വളരുകയും അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഉടനീളം 15 ക്ഷീര യൂണിയനുകളാണ് കെഎംഎഫിന് അന്ന് ഉണ്ടായിരുന്നത്. ഈ യൂണിറ്റുകള്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് പാല്‍ സംഭരിക്കുകയും 1,500 അംഗങ്ങളുള്ള കര്‍ണാടക സംസ്ഥാനത്തെ വിവിധ നഗര, ഗ്രാമ വിപണികളില്‍ ഉപഭോക്താക്കള്‍ക്ക് പാല്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

1996-ല്‍ രാജ്കുമാര്‍ അംബാസഡറായി പ്രവര്‍ത്തിച്ചു. 2009 ഡിസംബറില്‍ പുനീത് രാജ്കുമാര്‍ കരാര്‍ ഒപ്പിട്ടു. 2014ല്‍ തമിഴ്നാട്, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നന്ദിനി ഗുഡ് ലൈഫ് പ്രൊഡക്ട് അംബാസഡറായി ശ്രിയ ശരണ്‍ തിരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായ എം കെ ജഗദീഷാണ് നിലവില്‍ കെഎംഎഫിന്റെ തലപ്പത്ത്. നന്ദിനി എന്ന ബ്രാന്‍ഡില്‍ കെഎംഎഫ് നിര്‍മ്മിക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ മഹാരാഷ്ട്ര, ഗോവ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പാല്‍ ഉല്‍പന്നങ്ങളും മധുരപലഹാരങ്ങളും വിപണനം ചെയ്യുന്ന കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ പാലിന്റെയും ഉല്‍പ്പന്നങ്ങളുടെയും വിപുലമായ ശ്രേണിയാണ്. പാസ്ചറൈസ്ഡ് മില്‍ക്ക്, ടോണ്‍ഡ് മില്‍ക്ക്, സ്റ്റാന്‍ഡേര്‍ഡ് മില്‍ക്ക്, നെയ്യ്, മോര്, തൈര്, വെണ്ണ, പനീര്‍, ചോക്ലേറ്റ്, മൈസൂര്‍ പാക്ക് എന്നിവയ്ക്കും ശ്രദ്ധേയമാണ്. 2024 മാര്‍ച്ച് 18-ഓടെ നന്ദിനി ഐസ്‌ക്രീമിന്റെ 50 ഇനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ബ്രാന്‍ഡിന്റെ ഉയര്‍ന്ന നിലവാരമുള്ള ഐസ്‌ക്രീം പാര്‍ലറും 2021 ഓഗസ്റ്റില്‍ ബെംഗളൂരുവിലെ മല്ലേശ്വരത്ത് ആരംഭിച്ചിരുന്നു.

ബെംഗളൂരു, കോലാര്‍, മൈസൂര്‍ കോഓപ്പറേറ്റീവ് മില്‍ക്ക് യൂണിയനുകള്‍ ഉള്‍പ്പെടെ കര്‍ണാടകയിലുടനീളം 15 ക്ഷീരസംഘങ്ങള്‍ കെഎംഎഫ് നടത്തുന്നുണ്ട്. ഈ യൂണിയനുകള്‍ ഗ്രാമതല ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് പാല്‍ വാങ്ങി സംസ്‌കരണത്തിനായി കെഎംഎഫില്‍ എത്തിക്കുന്നു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ വെബ്സൈറ്റ് അനുസരിച്ച്, 24,000 ഗ്രാമങ്ങളിലെ 26 ലക്ഷം കര്‍ഷകരില്‍ നിന്ന് കെഎംഎഫ് പ്രതിദിനം 86 ലക്ഷം കിലോ പാല്‍ വാങ്ങുന്നുണ്ട്. കെഎംഎഫിന്റെ മറ്റൊരു പ്രത്യേകത ചെറുകിട കര്‍ഷകര്‍ക്ക് പ്രതിദിനം പാലിന്റെ പണം നല്‍കുന്നു. പ്രതിദിനം 28 കോടിയിലധികം രൂപയാണ് ഫെഡറേഷന്‍ വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!