ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് രാജ്യത്തിന്റെ ഭരണഘടയെ അപമാനിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചു. ഒരു കുടുംബം ഇന്ത്യയെ 55 വര്‍ഷം ഭരിച്ചു. ഭരണഘടനയെ തകര്‍ക്കുന്നതെല്ലാം അവര്‍ ചെയ്തു. വ്യക്തി താത്പര്യത്തിന് വേണ്ടി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന തടസ്സമായി വന്നാല്‍ ഭേദഗതി ചെയ്യണമെന്ന് നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. നെഹ്റുവിനെ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് എതിര്‍ത്തു. 60 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഭരണഘടനയെ 75 പ്രാവശ്യം ഭേദഗതി ചെയ്തു. സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചു. ആദ്യം നെഹ്‌റു പാപം ചെയ്തു. ഇന്ദിര അത് തുടര്‍ന്നു. അടിയന്തരാവസ്ഥാ കാലത്ത് ആയിരക്കണക്കിന് ജനങ്ങളെ ജയിലില്‍ അടച്ചു. ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ ഇല്ലാതാക്കി. സ്വന്തം പദവി സംരക്ഷിക്കാനാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയത്. അടിയന്തരാവസ്ഥാ കാലത്ത് കോണ്‍ഗ്രസ് മാധ്യമങ്ങളുടെ വായ മൂടി കെട്ടി. ഇന്ദിരക്കെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജീവ് ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി സുപ്രീംകോടതി നിര്‍ദേശം അട്ടിമറിച്ചുവെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഷാ ബാനു കേസും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സര്‍ക്കാരിനേക്കാള്‍ പ്രധാനം പാര്‍ട്ടിക്കാണെന്ന് പറഞ്ഞ വ്യക്തിയാണ് മന്‍മോഹന്‍ സിംഗ്. ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ പാര്‍ട്ടിക്ക് വഴങ്ങി. കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കും മുകളില്‍ ഒരു അധികാര കേന്ദ്രത്തെ സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അഹങ്കാരിയായ ഒരാള്‍ മന്ത്രിസഭയുടെ തീരുമാനം കീറിയെറിഞ്ഞു എന്നായിരുന്നു മോദിയുടെ പരോക്ഷ വിമര്‍ശനം. എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷമാണ് അംബേദ്കറിന് ആദരവ് ലഭിച്ചത്. നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി വരെ കോണ്‍?ഗ്രസിന്റെ സംവരണത്തിന് എതിരായിരുന്നു. ഒബിസി വിഭാഗക്കാര്‍ക്ക് പ്രത്യേക സംവരണം നല്‍കുന്നത് കോണ്‍ഗ്രസ് എതിര്‍ത്തു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് മതത്തിന് അടിസ്ഥാനമുള്ള സംവരണമായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഇതിനെ തുടര്‍ന്ന് ദുരിതത്തിലായെന്നും മോദി പറഞ്ഞു.
ഏക സിവില്‍ കോഡ് വേണമെന്നത് ഭരണഘടനയുടെ ശില്പികള്‍ പോലും ആഗ്രഹിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഏകീകൃത സിവില്‍ കോഡിന് എതിരാണ്. സുപ്രീം കോടതിയും ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചു. സ്വന്തം പാര്‍ട്ടിയുടെ ഭരണഘടന മാനിക്കാത്ത ഇവര്‍, എങ്ങനെ രാജ്യത്തിന്റെ ഭരണഘടനയെ ബഹുമാനിക്കുമെന്നും മോദി ചോദിച്ചു.