തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം മറ്റന്നാള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും.
ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. പുതുതായി നിര്‍മിച്ച തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ രാവിലെ 9:45 മുതല്‍ കൊച്ചി മെട്രോ ഫേസ് 1ബി നാടിന് സമര്‍പ്പിക്കുന്നതിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍ നിന്ന് എസ്എന്‍ ജങ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷന്‍ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.