ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക.
പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.