അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം അടുത്ത മാസം നടത്താനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അയോധ്യയിലെത്തും. നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും. രാവിലെ 10.45 ഓടെ പ്രധാനമന്ത്രി അയോധ്യ വിമാനത്താവളത്തിൽ ഇറങ്ങും. പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തി നവീകരിച്ച സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിലേക്ക് മടങ്ങി ഉദ്ഘാടനം നിർവഹിക്കും. പിന്നീട് പൊതുയോഗത്തിൽ സംസാരിക്കും.
ഒരു മണിക്കൂർ നീളുന്ന റാലിയിൽ ഒന്നരലക്ഷത്തോളം പേർ പങ്കെടുക്കും. വിമാനത്താവളത്തിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റോഡിൽ മോദി റോഡ്ഷോ നടത്തും. സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കിയതായി അയോധ്യ ഡിവിഷനൽ കമീഷണർ ഗൗരവ് ദയാൽ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുക്കും. ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിലും മോദിയെത്തും. മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യ ധാം എന്നാകും വിമാനത്താവളത്തിന് പേരിടുക.
രാജ്യത്തെ വിവിധ റൂട്ടുകളിൽ ഓടുന്ന രണ്ട് അമൃത് ഭാരത്, ആറ് വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും.
അയോധ്യയിലെ സൗകര്യങ്ങൾ നവീകരിക്കുന്നതിന് 11,100 കോടിയിലധികം രൂപയുടെ പദ്ധതികളും യു.പിയിലെ മറ്റ് ഭാഗങ്ങളിലെ 4,600 കോടിയിലധികം രൂപയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യക്ക് മാത്രമല്ല, ഹിന്ദുമതത്തോടുള്ള ഊർജത്തിലും പ്രതിബദ്ധതയിലും വിശ്വസിക്കുന്ന എല്ലാവർക്കും ചരിത്രപരമായ ദിവസമാണ് നാളെയെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
2200 മീറ്റർ നീളമുള്ള റൺവേയുള്ള വിമാനത്താവളത്തിൽ രാത്രിയിലും പകലും വിമാനമിറങ്ങാം. രണ്ടാം ഘട്ടത്തിൽ 3750 മീറ്റർ നീളത്തിൽ റൺവേ വികസിപ്പിക്കും. ഇതോടെ അന്താരാഷ്ട്ര സർവിസുകളും തുടങ്ങാനാകും.