24 December 2024

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.

അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, 128 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ഇതും ആശുപത്രി വികസനത്തിന് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!