26 December 2024

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ നവകേരള സദസ്സിൽ കിട്ടിയ പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 17 ശതമാനം പരാതികൾ മാത്രമെന്ന് കണക്ക്. ജില്ലയിലെ മണ്ഡലങ്ങളിൽ നിന്ന് ആകെ ലഭിച്ച 28803 പരാതികളിൽ 4827 എണ്ണത്തിലാണ് തീർപ്പുണ്ടായത്. സഹകരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ പരാതികൾ പരിഹരിച്ചത്.

നവകേരള സദസ്സിൽ കിട്ടിയ പരാതികളിൽ ജില്ലാ തലത്തിൽ തീർക്കേണ്ടവ നാലാഴ്ചക്കുളളിൽ തീർക്കുമെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. കണ്ണൂരിൽ ആ നാലാഴ്ച ഇന്നലെ തികഞ്ഞു. 28803 പരാതികൾ കിട്ടിയതിൽ തീർപ്പുണ്ടാക്കിയ 4827 എണ്ണം കിഴിച്ചാൽ, പരിഹാരം കാത്ത് ഇനിയും 23976 നിവേദനങ്ങൾ ബാക്കിയുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഇതുവരെ 1619 പരാതികൾക്ക് പരിഹാരം കണ്ട് സഹകരണ വകുപ്പ് മുന്നിലെത്തി. 9090 പരാതികൾ കിട്ടിയ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഇതുവരെ തീർപ്പായത് 1202 എണ്ണം മാത്രമാണ്. തൊഴിൽ വകുപ്പിലാണ് താരതമ്യേന പരാതി തീർപ്പിന് വേഗമുള്ളത്. തൊഴിൽ വകുപ്പിൽ കിട്ടിയതിൽ മൂന്നിലൊന്ന് പരാതികൾക്ക് പരിഹാരമായി. ഇനിയുള്ളവയിൽ സംസ്ഥാന തലത്തിൽ നടപടിയെടുക്കണം. അവ്യക്തവും പ്രസക്തവുമല്ലാത്ത നിവേദനങ്ങളുമുണ്ട്.

ഒരു ബന്ധവുമില്ലാത്ത വകുപ്പുകളിലേക്ക് പരാതി കൈമാറിയതും നേരത്തെ തള്ളിയ ഓഫീസിലേക്ക് തന്നെ പരാതികൾ വീണ്ടും അയച്ചുതും വീഴ്ചയായിരുന്നു. ഇതിനൊപ്പമാണ് പരാതികൾ പരിഹരിക്കുന്നതിലെ മെല്ലെപ്പോക്കും തിരിച്ചടിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!