24 December 2024

ചണ്ഡീഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞത്. ആദ്യ ഫലസൂചനകളും അതുതന്നെയാണ് സൂചിപ്പിച്ചത്. ഭരണവിരുദ്ധ വികാരവും കര്‍ഷകരുടെയും ഗുസ്തി താരങ്ങളുടെയും അഗ്‌നിവീര്‍ അപേക്ഷകരുടെയും സമരങ്ങളും കോണ്‍ഗ്രസിന് അനുകൂലമാക്കാനായതേയില്ല. നഗരമേഖലയിലും ഗ്രാമങ്ങളിലും ഉണ്ടായ ജാട്ട് ഇതര വിഭാഗമാണ് ഹരിയാനയില്‍ ഇത്തവണ ബിജെപിക്ക് തുണയായത്. നയാബ് സിങ് സെയ്‌നി തന്നെയാകും ഹരിയാനയില്‍ മുഖ്യമന്ത്രിയാവുക. ഒന്നോ രണ്ടോ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 48 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 36 സീറ്റുകളിലാണ് വിജയിച്ചത്. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടിയത് നയാബ് സിങ് സെയ്‌നിയുടെ പ്രവര്‍ത്തന മികവുകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നതും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയര്‍ന്നു വരാനും ഇടയില്ല. ജാട്ട് വിഭാഗങ്ങള്‍ അകന്നപ്പോള്‍ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനായതും സെയ്‌നിയുടെ നേട്ടമായി ദേശീയ നേതൃത്വം വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം സെയ്‌നിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു. ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണൈന്നും മോദി പറഞ്ഞിരുന്നു. ജാട്ട് ഇതര വോട്ടര്‍മാരുടെ ധ്രുവീകരണമാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് പാളയത്തിലെ ചേരിപ്പോരും ബിജെപി വിജയത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

ഒബിസി (സൈനി, അഹിര്‍, ഗുര്‍ജാര്‍, കുംഹാര്‍ സമുദായങ്ങള്‍ ഉള്‍പ്പെടെ) വിഭാഗങ്ങളില്‍ നിന്ന് 21 പേര്‍, 17 പട്ടികജാതിക്കാര്‍, 12 ബ്രാഹ്‌മണര്‍, പഞ്ചാബികള്‍, അഞ്ച് ബനിയകള്‍, മൂന്ന് രജപുത്രര്‍, ഒരു ജാട്ട് സിഖ് എന്നിവരടങ്ങുന്ന സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി രംഗത്തിറക്കിയത്. പാര്‍ട്ടിക്ക് 16 ജാട്ട് സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു. ജാട്ട് വോട്ടുകളുടെ വിഭജനം തന്നെ ബിജെപിയെ സഹായിച്ചതായി ജാട്ട് സമുദായത്തില്‍ നിന്നുള്ള മറ്റൊരു നേതാവ് പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കഴിഞ്ഞ ദിവസം നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയും പ്രഖ്യാപിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയും ഇന്നുണ്ടാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമായാണ് തിരഞ്ഞെടുപ്പുഫലം പൊതുവേ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുണ്ട്. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത്. 90 അംഗ നിയമസഭയില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് 48 സീറ്റുകളാണ് നേടിയത്. എഞ്ചിനീയര്‍ റഷീദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടിക്കും കശ്മീരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു ചലനവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ പിഡിപിക്ക് ഇത്തവണ മൂന്ന് സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!