ദില്ലി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. നാലു ലക്ഷം പേര്‍ക്ക് അഞ്ചു മാര്‍ക്ക് കുറയും. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി കുറയും. ഒന്നാം റാങ്ക് കിട്ടിയ 44 പേരുടെ അഞ്ച് മാര്‍ക്കാവും നഷ്ടമാകുക. സമയം കിട്ടിയില്ല എന്ന കാരണത്താല്‍ ആറു പേര്‍ക്ക് നല്കിയ ഗ്രേസ് മാര്‍ക്കും നേരത്തെ ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗണ്‍സലിംഗ് നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ ഉത്തര്‍ പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷ ആഗസ്റ്റില്‍ വീണ്ടും നടത്തും. ആഗസ്റ്റ് 23 മുതല്‍ അഞ്ച് ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ആകെ 60,244 ഒഴിവുകളിലേക്ക് അന്‍പത് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നാലെ 42 ലക്ഷം പേരെഴുതിയ പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നാനൂറോളം പേരെ ഇതിനോടകം യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.