26 December 2024

കടുത്ത പ്രതിഷേധത്തിനിടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരം മുട്ടത്തറയില്‍ മൂന്നുപേര്‍ക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചെങ്കിലും ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനായത്. സ്വന്തം വാഹനങ്ങളുമായി ടെസ്റ്റിന് എത്തിയ ആളുകളെ പ്രതിഷേധക്കാര്‍ ഇന്നും തടഞ്ഞു.

തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റിന് എത്തിയവരെ, പോലീസ് ഇടപെട്ട് ഗ്രൗണ്ടിലേക്ക് കയറ്റി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകള്‍ അടക്കം മൂന്നുപേരാണ് ഇന്ന് മുട്ടത്തറയില്‍ എത്തിയത്. സമരക്കാരുടെ കൂക്കി വിളിക്കും അസഭ്യ വര്‍ഷങ്ങള്‍ക്കുമിടയില്‍ എച്ച് ടെസ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും പരാജയപ്പെട്ടു. ടൂ വീലര്‍ വിത്ത് ഗിയര്‍ വിഭാഗത്തില്‍ എത്തിയ രണ്ട് പേരും റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ടെസ്റ്റ് കഴിഞ്ഞു വാഹനവുമായി പുറത്തിറങ്ങുമ്പോഴും ഇവര്‍ക്ക് നേരെ ശക്തമായ പ്രതിഷേധമുണ്ടായി. സമരക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ പരാതി നല്‍കി. ടെസ്റ്റിനെത്തിയ മകളെയും തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മകളെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണമുണ്ട്. വലിയതുറ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പത്തനംതിട്ടയില്‍ 16 പേരാണ് ടെസ്റ്റിനെത്തിയത്. ചിലയിടങ്ങളില്‍ ടെസ്റ്റിന് ഒരാള്‍ പോലും എത്തിയില്ല. അതിനിടെ പരിഷ്‌കാരത്തിനെതിരായ സമരം ടെസ്റ്റിംഗ് ഗ്രൗണ്ട് കിടന്ന് തെരുവിലേക്ക് എത്തിയിരിക്കുകയാണ്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഈ മാസം രണ്ടിന് ആരംഭിച്ച പ്രതിഷേധത്തെ തുടര്‍ന്ന് 80000 ഓളം പേരുടെ അവസരമാണ് നഷ്ടമായത്. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഗതാഗത മന്ത്രിയുടെ വസതിക്ക് മുന്നിലേക്കും സമരം നീട്ടാനാണ് പ്രതിഷേധക്കാരുടെ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!