തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട്-കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമിന്റെ ജനലില്‍ കെട്ടിതൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ അസ്വഭാവിക മരണത്തിനു പാലോട് പൊലീസ് കേസെടുത്തു. കൊളച്ചല്‍ കൊന്നമൂട് സ്വദേശിയായ ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന് ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ തന്നെയാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ ഉറപ്പിക്കാനാകൂയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.