തിരുവനന്തപുരം : സ്ത്രീധന തർക്കത്തെ തുടർന്ന് വിവാഹം മുടങ്ങിയതു മൂലം മെഡിക്കൽ പിജി വിദ്യാർഥിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതി ഡോ.റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ പിടികൂടാനാകാതെ പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുടുംബത്തോടൊപ്പം ഒളിവിലാണ്. വീട്ടിൽ നിന്നു കാറിൽ രക്ഷപ്പെട്ടതായാണു വിവരം.
റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്ന് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലും വാട്സാപ് ചാറ്റുകളിലും വ്യക്തമായിരുന്നു. നിർണായകമായ ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ കള്ളക്കളികളാണ് പ്രതികൾക്കു രക്ഷപ്പെടാൻ സാധ്യതയൊരുക്കിയത്.
അതേസമയം ആത്മഹത്യാ കുറിപ്പും ചാറ്റുകളും മറച്ചുവച്ച് മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ ഇന്നലെ സമൂഹമാധ്യമ കുറിപ്പിലൂടെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഒരു കേസ് ഉണ്ടായാൽ ആദ്യം മാധ്യമങ്ങൾക്കു കച്ചവടത്തിനു കൊടുക്കണമെന്ന നിലപാടു നാടിനു ശാപമാണെന്നും അവരോടു സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തും എഴുതും എന്നുമായിരുന്നു ആക്ഷേപം.
എന്നാൽ മാധ്യമങ്ങളോട് പറഞ്ഞില്ലെങ്കിലും പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ആദ്യമേ ലഭിച്ചിട്ടും അതനുസരിച്ച് കേസ് എടുക്കാത്തതും അന്വേഷണം നടത്താത്തതും എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഷഹ്നയുടെ മാതാവും സഹോദരിയും മാധ്യമങ്ങൾക്കു മുന്നിലടക്കം സ്ത്രീധന പ്രശ്നം ഉന്നയിച്ചതോടെയാണ് പൊലീസ് ആ രീതിയിൽ അന്വേഷണം നടത്താൻ തയാറായത്.