തൃശ്ശൂര്‍: ചാലക്കുടിയില്‍ പൊലീസ് വാഹനം അടിച്ചു തകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പുല്ലന്‍ കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നിധിനെ പൊലീസ് പിടികൂടിയത്. പൊലീസ് വാഹനം അടിച്ചു തകര്‍ത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത നിധിന്‍ പുല്ലനെ സി.പി.എം പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് ചാലക്കുടി ഐ.ടി.ഐ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിൽ പൊലീസിന് നേരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ആക്രമണം അഴച്ചുവിട്ടത്. ഐ.ടി.ഐ. കാമ്പസിലും റോഡിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുന്‍പ് എസ്.എഫ്.ഐ- എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പൊലീസ് എത്തി ഇരു വിഭാഗത്തിന്‍റേയും ബോര്‍ഡുകള്‍ നീക്കംചെയ്തു.
എസ്.എഫ്.ഐക്കാരുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ രംഗത്തു വന്നത്. അക്രമങ്ങളില്‍ എസ്.എഫ്.ഐക്കാരും പങ്കുചേര്‍ന്നു. പൊലീസ് വാഹനത്തിന്‍റെ ബോണറ്റില്‍ കയറി നിന്ന് ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നിധിനെ മോചിപ്പിച്ച് പ്രവർത്തകർ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.