കാസര്‍ഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. വെടിക്കെട്ട് നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടായില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പടക്കപുരയും കാണികളും തമ്മില്‍ അകലം ഉണ്ടായിരുന്നില്ല. അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ടിനിടെ പടക്കശാലയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് വെടിക്കെട്ട് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം കൂടി നിന്നവര്‍ക്കാണ് പരുക്കേറ്റത്.