മലപ്പുറം: പണ്ടിക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം. അതിനിടെ മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വസമാണ്. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ നിയന്ത്രണം തുടരുകയാണ്.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കു രോഗലക്ഷണമില്ല. 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇവരില്‍ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകള്‍ കയറിയുള്ള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്‌നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികിത്സ തുടങ്ങിയവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുള്ള 68കാരനെ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവ പരിശോധന നെഗറ്റീവാണ്. സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കാന്‍ മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി ഇന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കും. ഇതോടെ ഫലം വേഗത്തില്‍ ലഭിക്കും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്.
പ്ലസ് വണ്‍ അലോട്ട്മെന്റ് (സ്‌കൂള്‍ ട്രാന്‍സ്ഫര്‍) നടക്കുന്നതിനാല്‍ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളില്‍ അഡ്മിഷനായി വരുന്ന വിദ്യാര്‍ത്ഥികളും ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്ക് അഡ്മിഷനായി പോകുന്ന വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, എന്‍95 മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, വിദ്യാര്‍ത്ഥിക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ, അഡ്മിഷനായി പോകുന്ന സമ്പര്‍ക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുടെയും അനുഗമിക്കുന്ന രക്ഷിതാക്കളുടെയും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കണം, എല്ലാ സ്‌കൂള്‍ മേധാവികളും അഡ്മിഷന്‍ നേടാന്‍ വരുന്നവര്‍ സാമൂഹിക അകലം പാലിച്ച് അഡ്മിഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം, സ്‌കൂള്‍ മേധാവികള്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസന്‍ എന്നിവ സ്‌കൂളുകളില്‍ ഒരുക്കേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.