25 December 2024

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നിയമസഭയിലെത്തി. ഡിഎംകെയുടെ പതാകയുടെ നിറത്തിന് സമാനമായി കറുപ്പും ചുവപ്പും നിറത്തിലുള്ള ഷാളും ചുവപ്പ് തോര്‍ത്തും കയ്യില്‍ കരുതിയാണ് അന്‍വര്‍ എത്തിയത്. രക്തസാക്ഷികളുടെയും തൊഴിലാളികളുടെയും പ്രതീകമാണ് ഇവയെന്ന് അന്‍വര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ അന്‍വര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്ന് അന്‍വര്‍ ആരോപിച്ചു.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ജുഡീഷ്യല്‍ അന്വേഷണം വേണം. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കടത്തില്‍ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കണമെന്ന നിലപാടുള്ളയാളാണ് ഡിജിപി. ഗവര്‍ണറെ കണ്ട് പൊലീസില്‍ വിശ്വാസമില്ലെന്ന് അറിയിച്ചു’, പി വി അന്‍വര്‍ പറഞ്ഞു.

എസ്ഐടി അന്വേഷണം സത്യസന്ധമല്ല. ഡിജിപി നല്ല തീരുമാനങ്ങള്‍ എടുക്കുന്നയാളാണ്. അതിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ ആളുകളാണ്. സ്വര്‍ണക്കടത്ത് കേസില്‍ ആരുടേയും മൊഴി എടുത്തില്ല. എല്ലാ കാര്യങ്ങളും ഗവര്‍ണറെ ബോധിപ്പിച്ചു. ഗവര്‍ണര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. തൃശ്ശൂര്‍ പൂരം കലക്കലിലാണ് അജിത് കുമാറിനെതിരെ നടപടി. മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ എസ്ഐടി സമര്‍പ്പിച്ചിട്ടില്ല. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും പി വി അന്‍വര്‍ ആരോപിച്ചു.

ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്നലെ ഗവര്‍ണര്‍ക്ക് മുന്നില്‍ പോകാതിരുന്നത്. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നും അന്‍വര്‍ പറഞ്ഞു.

സ്പീക്കര്‍ക്കെതിരെയും പി വി അന്‍വര്‍ രംഗത്തെത്തി. 45 ഓളം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി വെട്ടിയ സ്പീക്കര്‍ കവല ചട്ടമ്പിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ ചെയ്യേണ്ട പണിയല്ല അത്. പരസ്യകമ്പനിയോ പി ആര്‍ ഏജന്‍സിയോ ചെയ്യേണ്ട പണിയാണ് ഇതെന്നും അന്‍വര്‍ വിമര്‍ശിച്ചു.

‘മുങ്ങാന്‍ പോകുന്ന കപ്പലാണിത്. കപ്പിത്താനും കുടുംബവും മാത്രമാണ് രക്ഷപ്പെടുക. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. തന്നെ ജയിലില്‍ അടച്ചേക്കാം. എന്നെങ്കിലും തെളിവുകള്‍ എല്ലാം പുറത്തുവരും. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസം ആക്കും. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ അമേരിക്കയില്‍ പോകും’, പി വി അന്‍വര്‍ ആരോപിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇതിനകം സെറ്റില്‍മെന്റ് ഉണ്ടാക്കി. അജിത് കുമാര്‍ ആണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ബിജെപി വിജയിക്കും. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും തോല്‍ക്കും. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയ പാതയിലും അഴിമതിയാണ് നടക്കുന്നത്. സഞ്ചരിച്ചാല്‍ കാണാന്‍ കഴിയും. താന്‍ മുഖ്യമന്ത്രിയുടെ പ്രകോപനത്തില്‍ വീണിട്ടില്ല. പിണറായിയല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും അന്‍വര്‍ മറുപടി പറയും. തനിക്ക് എതിരെ തിരിഞ്ഞാല്‍ വിവരമറിയുമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!