പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ തന്നെയാരും സമീപിച്ചിട്ടില്ലെന്ന് മുതിന്‍ന്ന ബിജെപി നേതാവ് പിഎസ് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞാല്‍ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ഇത്തരം സാങ്കല്പികചോദ്യങ്ങള്‍ക്ക് താന്‍ എന്ത് മറുപടി പറയാനാണെന്നായിരുന്നു ചിരിച്ചുകൊണ്ട് ശ്രീധരന്‍ പിള്ളയുടെ മറുചോദ്യം. കോഴിക്കോട്ട് ഹോട്ടല്‍ അളകാപുരിയില്‍ തന്റെ 210 പുസ്തകങ്ങളുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ശ്രീധരന്‍പിള്ള.
‘പത്തനംതിട്ടയിലെ ക്രൈസ്തവസഭാപ്രതിനിധികള്‍ ഇങ്ങനെയൊരു ആവശ്യം ഡല്‍ഹിയില്‍പോയി ഉന്നയിച്ചുവെന്ന് കേട്ടു. പ്രധാന ഹിന്ദുസംഘടനകളും അത് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ഇതുവരെ എന്റെ പാര്‍ട്ടിയിലെ പഴയകാല സഹപ്രവര്‍ത്തകര്‍ ആരും ആവശ്യപ്പെട്ടിട്ടില്ല.
ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ല. ജീവിതത്തില്‍ ഇന്നുവരെ ഏതെങ്കിലും പാര്‍ട്ടിസ്ഥാനമോ അധികാരപദവിയോ വേണമെന്ന് ആരോടും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്റെ പ്രസ്ഥാനം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അനുസരിച്ചിട്ടേയുള്ളൂ’ പിള്ള പറഞ്ഞു.