24 December 2024

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തില്‍ കര്‍ഷകര്‍ക്ക് അയച്ച നോട്ടീസുകള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


വിവിധ ജില്ലകളിലെ ഭൂരേഖകളില്‍ കൃഷിഭൂമി വഖഫ് ബോര്‍ഡിന്റേതായി തരംതിരിക്കുന്നതിനെതിരെ പ്രതിപക്ഷമായ ബിജെപിയും കര്‍ഷകരും നവംബര്‍ 4 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നിശ്ചയിച്ചിരിക്കെയാണ് നോട്ടീസ് ഉടന്‍ പിന്‍വലിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകരെ അവരുടെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഭൂരേഖകളില്‍ വഖഫ് ബോര്‍ഡ് സ്വത്താണെന്ന് കാണിച്ച് കര്‍ഷകര്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, വരും ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നവംബര്‍ രണ്ടിന്, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, നിയമ പാര്‍ലമെന്ററികാര്യ മന്ത്രി എച്ച് കെ പാട്ടീല്‍, മറ്റ് മുതിര്‍ന്ന ന്യൂനപക്ഷ വകുപ്പ്, വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയില്‍ സമീപ കാലത്തെ സംഭവവികാസങ്ങളില്‍ നിരാശ പ്രകടിപ്പിച്ചു. കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കുന്നതില്‍ തീരുമാനമെടുത്ത ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി.

പതിറ്റാണ്ടുകളായി കര്‍ഷകര്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. വിജയപുര, ധാര്‍വാഡ്, ഹാവേരി, ചിത്രദുര്‍ഗ, ദാവന്‍ഗെരെ, ശിവമോഗ, ഗഡഗ് തുടങ്ങിയ ജില്ലകളിലെ കര്‍ഷകര്‍ക്ക് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തില്‍ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഭൂരേഖകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കാനും കര്‍ഷകരെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!