തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ വാഹനങ്ങള്‍ ഏത് ആര്‍ ടി ഓഫീസില്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തി ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. വാഹന ഉടമയുടെ മേല്‍വിലാസമുള്ള ആര്‍ടിഒ പരിധിയില്‍ തന്നെ രജിസ്‌ട്രേഷന്‍ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസര്‍ഗോഡ് ഉള്ളയാള്‍ക്ക് തിരുവനന്തപുരത്തെ ആര്‍ടി ഓഫീസിലോ കേരളത്തില്‍ ഏത് ആര്‍ടി ഓഫീസിലോ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം.
സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍ടിഒ പരിധിയില്‍ മാത്രമേ മുമ്പ് വാഹന രജിസ്‌ട്രേഷന്‍ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആര്‍ടിഒ പരിധിയിലും വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം.
പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്വെയറിലും മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വച്ചിരുന്നു. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇനിമുതല്‍ ഒഴിവാക്കപ്പെടുകയാണ്.