ദിവസവും നട്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. പല തരത്തിലുള്ള നട്സുകളുണ്ട്. ബദാം, പിസ്ത, കശുവണ്ടി, വാൾനട്ട്, ഹസൽനട്ട് എന്നിവ അതിൽ ഉൾപ്പെടുന്നു. പതിവായി നട്സ് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതായി ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ പറയുന്നു.
ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ ആഴ്ചയിൽ അഞ്ചിൽ കൂടുതൽ തവണ നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 17 ശതമാനം വരെ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ നട്‌സും പ്രധാന പങ്ക് വഹിക്കുന്നു. നട്‌സ് കഴിക്കുന്നതും ശരീരത്തിലെ എൽഡിഎൽ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
നട്‌സ് ദിവസവും ചെറിയ അളവിൽ നട്‌സ് കഴിക്കുന്നത് വിഷാദരോഗസാധ്യത കുറക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മാനസികാരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങൾ നട്‌സിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. പ്രതിദിനം 30 ഗ്രാം അല്ലെങ്കിൽ ഒരു പിടി നട്‌സ് കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
നാരുകളുടെ ഉറവിടമാണ് നട്സ്. നാരുകൾ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഭക്ഷണത്തിൽ നാരുകൾ വർദ്ധിപ്പിക്കുന്നത് ദഹന പ്രവർത്തനത്തെ പിന്തുണയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യും.
നട്സിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതൊടൊപ്പം കുടലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
ദെെനംദിന ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, നട്‌സ് കഴിക്കുന്നത് ധമനികളുടെ ആവരണത്തിന്റെ ആരോഗ്യം നിലനിർത്താനും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.