വീട്ടിലുണ്ടായ അമിത വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഒന്നര വയസ്സുകാരന് പൊള്ളലേറ്റു. ചേര്‍ത്തല ചേര്‍ത്തല ഒറ്റപ്പുന്ന സ്വദേശി നാസറിന്റെ മകന്‍ ഇഷാനാണ് പൊള്ളലേറ്റത്. വീടിന് പുറത്ത് നിന്ന നാസറിന്റെ ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഈ സമയം അടുക്കള ഭാഗത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇഷാനും വൈദ്യുതാഘാതമേറ്റു.
റഷീദ ഓടിയെത്തി കുട്ടിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു. വീടിനുള്ളിലെ ബള്‍ബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചുവെന്നും നാസര്‍ പരാതിയില്‍ പറയുന്നു. കൈയ്ക്ക് പൊള്ളലേറ്റ കുട്ടിയെ ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം ഐസിഎച്ചിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടനെ പട്ടണക്കാട് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് എത്തിയതെന്നും നാസറും കുടുംബവും ആരോപിച്ചു.
സമീപത്തെ ചില വീടുകളിലും സമാനമായി അമിത വൈദ്യുതി പ്രവാഹം ഉണ്ടായിട്ടുണ്ട്. അമിതമായ വൈദ്യുതി പ്രവാഹത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ വീടുകള്‍ക്ക് സമീപമാണ് 11 കെ വി ഇലക്ട്രിക് സ്റ്റേഷനുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിതായി കെഎസ്ഇബി അറിയിച്ചു.