126-ാമത് ഊട്ടി പുഷ്പ മേളയ്ക്ക് തുടക്കമായി. വേനല്‍ ചൂടില്‍ കുളിരു തേടി എത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയമായി സസ്യോദ്യാനത്തില്‍. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും. ഒരു ലക്ഷം കാര്‍ണീഷ്യം പൂക്കള്‍ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പര്‍വത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുക. ബംഗളൂരു, ഹൊസൂര്‍ ഭാഗങ്ങളില്‍ നിന്നാണ് മേളയിലേക്കുള്ള കാര്‍ണീഷ്യം പൂക്കള്‍ എത്തിച്ചിരിക്കുന്നത്.
ഏതാണ്ട് പത്ത് ലക്ഷത്തോളം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപുല്‍ മൈതാനമാണ് മറ്റൊരു ആകര്‍ഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള. ഊട്ടിയിലെ വസന്തത്തിന്റെ വിസ്മയ കാഴ്ചകള്‍ ഒരുക്കുന്ന ഊട്ടി പുഷ്പമേളയ്ക്ക് നൂറു വര്‍ഷത്തിലധികം പഴക്കമുണ്ട്. 1896 ലാണ് ഊട്ടി പുഷ്പമേള ആദ്യമായി നടന്നത്.
നേരത്തെ മെയ് 17 മുതല്‍ അഞ്ച് ദിവസം നടത്താനിരുന്ന വാര്‍ഷിക പുഷ്പമേള പിന്നീട് മേയ് 10 മുതല്‍ നടത്താന്‍ തീരുമാനമാവുകയായിരുന്നു. ഓരോ വര്‍ഷവും ഓരോ തീം അടിസ്ഥാനത്തിലാണ് പുഷ്പമേള നടത്തുന്നത്. ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടും എടുക്കാം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
ഊട്ടി സന്ദര്‍ശനത്തിന് ഇ-പാസ് ഏര്‍പ്പെടുത്തുന്നതും ഊട്ടി പുഷ്പമേളയുടെ തിരക്കും കണക്കിലെടുത്ത് കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും.
നിലവില്‍ കോയമ്പത്തൂര്‍-ഊട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 80 ബസുകള്‍ക്ക് പുറമെ മെയ് 10 മുതല്‍ കോയമ്പത്തൂരില്‍ നിന്നും ഊട്ടിയിലേക്ക് 25 സ്പെഷ്യല്‍ ബസുകള്‍ സര്‍വീസ് നടത്തും.