ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബാദ്‌ലിയിലെ വെള്ളക്കെട്ടുള്ള അടിപ്പാതയില്‍ ശനിയാഴ്ച രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് ഈ ഭാഗത്ത് വെള്ളക്കെട്ടാണ്.
നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ നടപടി സ്വീകരിച്ചെന്ന് അധികൃതര്‍ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ ശക്തമായ മഴ തുടങ്ങിയത്.
അതിശക്തമായ മഴയില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്