24 December 2024

അബ്ദുള്‍ നാസര്‍ മദനിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. മദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജന്‍ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവില്‍ ഗൗരവമുളള പരിശോധന വേണം. ഇടപെടല്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്ന വിമര്‍ശനമാണ് കേള്‍ക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാന്‍ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റിനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

വിരലിലെണ്ണാവുന്നവര്‍ ഐഎസില്‍ ആകൃഷ്ടരായി എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജന്‍ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരല്‍ നടക്കുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.2009ലെ മദനി – സിപിഐഎം സഹകരണത്തെ കുറിച്ച് പുസ്തകത്തില്‍ പി.ജയരാജന്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയില്‍ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!