25 December 2024

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അന്‍വര്‍ എം.എല്‍.എ.യെ പിന്തുണച്ച് സി.പി.എം. എം.എല്‍.എ. യു. പ്രതിഭ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ പിന്തുണച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഭരണകക്ഷി എം.എല്‍.എ. ഇക്കാര്യത്തില്‍ പരസ്യമായി അഭിപ്രായം വ്യക്തമാക്കുന്നത്.

പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്’. പിന്തുണ: എന്നാണ് ഒറ്റവരി പോസ്റ്റ്. ഇതേ തുടര്‍ന്ന് കായംകുളത്ത് അന്‍വറിന്റേത് സത്യസന്ധമായ അഭിപ്രായമാണെന്ന് എംഎല്‍എ പ്രതികരിച്ചു. ആഭ്യന്തരവകുപ്പില്‍ എക്കാലത്തും ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടായിട്ടുണ്ട്.

ഒരു സംവിധാനത്തിലെ തിരുത്തലാണ് അന്‍വര്‍ ഉദ്ദേശിക്കുന്നത്. അതു മുഖ്യമന്ത്രിക്കെതിരേയാണെന്നു വരുത്തുന്നതു മാധ്യമങ്ങളാണ്. കോണ്‍ഗ്രസുകാര്‍ പോലും വിഷയത്തെ അങ്ങനെയാണു കാണുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു വന്നപ്പോഴും അതു മുകേഷിനെതിരേയുള്ള നീക്കമായി ചുരുക്കാനാണ് എതിരാളികള്‍ ശ്രമിച്ചത്. കമ്മിറ്റി ഉദ്ദേശിച്ചത് സിനിമ മേഖലയിലെ പൊതുവായ തിരുത്തലാണ്. അതുപോലെ അന്‍വറിന്റെ ആരോപണങ്ങള്‍ പരിശോധിക്കപ്പെടണം. മിടുക്കരായ എത്രയോ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുണ്ട്.

സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത്. സിനിമയില്‍ മുഖ്യധാരയിലുള്ള ആരും ഇതുവരെ ആരോപണവുമായി മുന്നോട്ടുവന്നിട്ടില്ല. അവര്‍ക്കു മോശം അനുഭവം ഇല്ലാത്തതുകൊണ്ടാകില്ല. പേടിയുള്ളതിനാല്‍ ആരും തുറന്നുപറയില്ല.

വ്യക്തിപരമായി തനിക്കിതുവരെ മോശം അനുഭവമുണ്ടായില്ല. എല്ലാവരും നന്നായാണ് പെരുമാറിയിട്ടുള്ളത്. ദുരനുഭവം ഉണ്ടാകുന്നവര്‍ മാത്രം പ്രതികരിച്ചാല്‍ പോരല്ലോ എന്നും യു പ്രതിഭ എംഎല്‍എ പറഞ്ഞു. വേലി തിന്നുന്ന വിളവുകള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തണമെന്നും യു പ്രതിഭ എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!