25 December 2024

പാലക്കാട്‌ : സ്വരലയ സമന്വയം നൃത്ത-സംഗീതോത്സവത്തിന്റെ രണ്ടാംദിനത്തിൽ, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരികലോകം തീർത്ത് പണ്ഡിറ്റ് അജയ് പൊഹങ്കാറും സംഘവും. വായ്പാട്ടിൽ മധുശ്രീ നാരായണന്റെ പിന്തുണയുമുണ്ടായിരുന്നു. ആദിത്യ നാരായണൻ ബാനർജീ (തബല), അശ്വിൻ വാൾവാൾക്കർ (ഹാർമോണിയം) എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം ‘ഇല’ ഡാൻസ് കമ്പനി അവതരിപ്പിച്ച ‘ദി ഡിവൈൻ’ നൃത്തപരിപാടി ആരംഭിച്ചത് ‘ഊർജം’ എന്ന നൃത്തത്തോടെയാണ്. ശ്രീജിത്ത് ശിവാനന്ദനും ലിതി ശ്രീജിത്തും വേദിയിലെത്തി. തുടർന്ന്, അവതരിപ്പിച്ച ‘പഞ്ചഭൂതങ്ങൾ’, ‘ആത്മാവ്’, ‘ആത്മാവും ശരീരവും’ എന്നീ നൃത്തങ്ങളും കാഴ്ചക്കാരെ പിടിച്ചിരുത്തി.

ശ്രീജിത്ത് ശിവാനന്ദൻ, ലിതി ശ്രീജിത്ത്, സൂര്യ ശ്രീജിത്ത്, അഭിനവ് അരുൺ, സുജിത്ത് ചന്ദ്രൻ, പി.എൽ. പവിത്ര, പി.എൽ. പദ്മജ, അഖിലരാജ്, എം.എസ്. ആർദ്ര, അഭി എന്നിവരാണ് നൃത്തസന്ധ്യ അവിസ്മരണീയമാക്കിയത്.

മൂന്നാം ദിവസത്തെ പരിപാടികൾ

വൈകീട്ട്‌ 5.30: സംഗീതപരിപാടി. ഓൾഡ് ഈസ് ഗോൾഡ്-നൊസ്റ്റാൾജിക് ഗാനങ്ങളുടെ അവതരണം. സ്വരലയ ഓർക്കസ്ട്ര

8:00 മണി: മോഹിനിയാട്ടം, ഭരതനാട്യം. അവതരണം: ഡോ. മായാദേവി കുറുപ്പ്, അമൃത ജയകൃഷ്ണൻ.

സമ്മിശ്ര ഘരാനയിൽ ഹിന്ദുസ്ഥാനി സൗന്ദര്യാത്മകമെന്ന് സംഗീതജ്ഞർ

വ്യത്യസ്ത ഘരാനകളിൽ മികവാർന്ന സമന്വയത്തിലൂടെയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന് കലാചാരുത കൈവരുന്നതെന്ന് പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് അജയ് പൊഹങ്കാർ. ആലാപനസമയത്ത് എല്ലാശൈലിയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഈ ഉത്തരേന്ത്യൻ സംഗീതശാഖ നൽകുന്നുണ്ടെന്ന് സംഗീതജ്ഞൻ രമേഷ് നാരായണനും പറഞ്ഞു. സ്വരലയയുടെ നൃത്ത-സംഗീതോത്സവത്തിനെത്തിയ ഇരുവരും പാലക്കാട് പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

സംഗീതത്തിന്റെ ഘടനാവതരണത്തേക്കാൾ ആലാപനത്തിന്റെ സൗന്ദര്യാത്മകതയ്ക്കാണ് ഊന്നൽ നൽകേണ്ടതെന്ന് ഏഴുപതിറ്റാണ്ടോളമായി സംഗീതരംഗത്തുള്ള അജയ് പൊഹങ്കാർ പറഞ്ഞു. എല്ലാ ചലച്ചിത്രഗാനങ്ങൾക്കും ശാസ്ത്രീയാടിത്തറയുണ്ടെന്ന് സംഗീതസംവിധായകൻ രമേഷ് നാരായണൻ പറഞ്ഞു. എന്നാൽ, ശബ്ദമേന്മയാണ് പുതുതലമുറ പാട്ടുകളിൽ തേടുന്നത്. ഇത് ശാസ്ത്രീയ സംഗീതത്തിന്റെ ഭംഗി ചോർത്തും. മകളും ഗായികയുമായ മധുശ്രീ വർത്തമാനത്തിനിടയിൽ ഗാനം ആലപിക്കുകയുംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!