ഒറ്റപ്പാലം : പാലക്കാട്-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കിയേക്കും. ജില്ലകളുടെ അതിർത്തിയിലുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലെ ലക്കിടി റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോളുണ്ടാകുന്ന കുരുക്കു കുറയ്ക്കാനാണിത്. ഇതിനുള്ള സാധ്യതാപഠനം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി മന്ത്രി കെ. രാധാകൃഷ്ണന്റെ ഓഫീസിൽനിന്ന് അറിയിച്ചു. പൊതുമരാമത്ത് പാലം വിഭാഗമാണ് പഠനം പൂർത്തിയാക്കിയത്.
റെയിൽപ്പാളത്തിനും ഭാരതപ്പുഴയ്ക്കും കുറുകേ വലിയ പാലമാണു പദ്ധതിയിൽ ലക്ഷ്യമിടുന്നത്. അതിനാൽതന്നെ പദ്ധതിക്കു വൻതുക ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകാരണമാണ് പദ്ധതി കിഫ്ബി മുഖാന്തരം നടപ്പാക്കാനായി ശ്രമിക്കുന്നത്. അംഗീകാരം കിട്ടിയാൽ കിഫ്ബിയിലുൾപ്പെടുത്തി ഫണ്ട് കണ്ടെത്തും. ശേഷം, പദ്ധതിരേഖ തയ്യാറാക്കും.
2020-ലെ ബജറ്റിൽ 20 കോടി രൂപയുടെ പദ്ധതി മേൽപ്പാലത്തിനായി ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു സാധ്യതാപഠനം തുടങ്ങിയത്. ഈ പഠനത്തിനായി സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപ വകയിരുത്തിയിരുന്നു.
തിരക്കേറിയ പാത
പാലക്കാട്-ഷൊർണൂർ പാതയിലൂടെ 80-ഓളം തീവണ്ടികളാണ് കടന്നുപോകുന്നത്. പാമ്പാടി-ലക്കിടി പാതയിൽ ശരാശരി 8,000 വാഹനങ്ങളും കടന്നുപോകുന്നു. ഒരുദിവസം 65 തവണയെങ്കിലും റെയിൽവേ ഗേറ്റ് അടയ്ക്കണമെന്നതാണു സ്ഥിതി.
ശബരിമല പ്രത്യേക തീവണ്ടികളുള്ള കാലത്ത് ഇതിലേറെ തവണ ഗേറ്റ് അടയും. അപ്പോഴൊക്കെയും ഇരുവശവും വാഹനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കും. ഗതാഗതക്കുരുക്കും രൂപപ്പെടും.
ഐവർമഠം ശ്മശാനം, തിരുവില്വാമല ക്ഷേത്രം, എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിലേക്കു പാലക്കാട്ടുനിന്നുള്ള യാത്രക്കാരെല്ലാം സഞ്ചരിക്കുന്നതു ലക്കിടി റെയിൽവേ ഗേറ്റ് വഴിയാണ്. നെന്മാറ, കൊല്ലങ്കോട്, ആലത്തൂർ, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയും ഇതാണ്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രികളെയും റെയിൽവേ സ്റ്റേഷനെയും കോളേജുകളെയുമാണ് പാമ്പാടി ഭാഗത്തുള്ളവർ ആശ്രയിക്കുന്നത്. അവർക്കും ലക്കിടിയിലെ ഗേറ്റു കടന്നേ പറ്റൂ. അതുകൊണ്ടുതന്നെ മേല്പാലം വന്നാൽ ഇരുജില്ലകളിലുള്ളവർക്കും ഉപകാരമാണ്.
പാലം 800 മീറ്റർ നീളത്തിൽ
റെയിൽവേ ഗേറ്റിനുശേഷം, നിലവിലുള്ള പാലത്തിനു കിഴക്കുവശത്തായി അഞ്ചുമീറ്റർ ഉയരത്തിലാകും പുതിയപാലം വരിക.
ലക്കിടി ഗേറ്റിനിപ്പുറത്തുനിന്ന് ആരംഭിച്ച് പുഴയ്ക്കക്കരെ അവസാനിക്കുന്ന രീതിയിൽ 800 മീറ്ററോളം ദൂരമാണു പാലത്തിനുണ്ടാവുക. ഈ മാതൃകയിലാണെങ്കിൽ കൂടുതൽ സ്ഥലമേറ്റെടുക്കൽ ആവശ്യമായി വരില്ല.
ഇത്രയും വലിയ പാലം നിർമിക്കാൻ 2020-ലെ ബജറ്റിൽ വകയിരുത്തിയ 20 കോടി രൂപ തികയാതെവരും.