26 December 2024

ജിദ്ദയില്‍ പാലക്കാട് ജില്ല കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷം നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ നടക്കും. വൈകുന്നേരം 6:30 നു ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ ആണ് പരിപാടി നടക്കുന്നത്. പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഹനാന്‍ ഷായും, ശിഖ പ്രഭാകരനും, ഇഹ്‌സാനും (ഈച്ചൂ )പങ്കെടുക്കുന്ന പരിപാടിയില്‍ റിയാദ് ടാക്കീസ് അവതരിപ്പിക്കുന്ന ശിങ്കാരി മേളവും, ജിദ്ദയിലെ ഗുഡ് ഹോപ്, ഫിനോം എന്നീ അക്കാദമികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളപ്പിറവി ദിനമായത് കൊണ്ട് കേരളത്തിന്റെയും വിശിഷ്യാ പാലക്കാടിന്റെയും തനത് കലാ രൂപങ്ങളും ഉണ്ടായിരിക്കുന്നതാണ്. പാലക്കാട് ജില്ലയില്‍ നിന്നുള്ള കലാകാരന്മാര്‍ കന്യാര്‍ക്കളി, കൊയ്ത്തുപാട്ട്, പുള്ളുവന്‍പാട്ട്, കുംഭക്കളി, പൂതനും തറയും, മയിലാട്ടം തുടങ്ങിയ പാലക്കാടന്‍ കലാ രൂപങ്ങള്‍ അവതരിപ്പിക്കും. കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമദ് ഖാന്‍ സൂരി ഉള്‍പ്പെടെയുളള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

2023 സെപ്റ്റംബര്‍ ഒന്നിനാണ് ജിദ്ദയില്‍ പാലക്കാട് ജില്ലാ കൂട്ടായ്മ രൂപം കൊണ്ടത്. പ്രവാസികളായ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലക്കാട്ടുകാര്‍ മാത്രമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. പാലക്കാട് ജില്ലയിലുള്ള പാവപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനും, പ്രവാസികളുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ശരിയാക്കി കൊടുക്കുക, ചികിത്സയിലിരിക്കുന്നവര്‍ക്ക് മരുന്ന് ആവശ്യമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കുക, താമസ സൗകര്യമില്ലാത്തവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുക, ഭക്ഷണം കിട്ടാത്തവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, നാട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നാട്ടില്‍ പോകാണാവശ്യമായ സഹായങ്ങള്‍ ചെയ്യുക തുടങ്ങി വിവിധയിനം സഹായങ്ങള്‍ കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണ്. കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി ഒരു സാംസ്‌കാരിക കൂട്ടായ്മയായിട്ടാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ട് നേരിട്ട അംഗങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കാനും, ജോലി ഇല്ലാത്തവര്‍ക്ക് ജോലി കണ്ടെത്താനും, തൊഴിലിടങ്ങളില്‍ നിയമപരമായ സഹായം നല്‍കാനും കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.

ആയിരത്തോളം മെമ്പര്‍മാര്‍ അടങ്ങുന്നതാണ് പാലക്കാട് ജില്ലാ കൂട്ടായ്മ. കഴിഞ്ഞ വര്‍ഷം കൂടിയ ജനറല്‍ ബോഡിയില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി അറുപതോളം പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. പിന്നീട് നടന്ന ജനറല്‍ ബോഡിയില്‍ വനിതാ വിങ് രൂപം കൊണ്ടു. വിവിധ വിശേഷ ദിവസങ്ങള്‍ ആഘോഷമാക്കി പാലക്കാട്ടുകാരെ ഒരുമിച്ചു നിര്‍ത്തി ഒരു കുടുംബമായി മുന്നോട്ട് പോവുക എന്നതാണ് പാലക്കാട് കൂട്ടായ്മയുടെ തീരുമാനങ്ങള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു.

അബ്ദുല്‍ അസീസ് പട്ടാമ്പി (പ്രസിഡന്റ്), ജിദേശ് എകുന്നത്ത് ( ജനറല്‍ സെക്രട്ടറി ), മുജീബ് തൃത്താല (വൈസ് പ്രസിഡന്റ്), മുഹമ്മദലി കാഞ്ഞിരപ്പുഴ (വൈസ് പ്രസിഡന്റ്),സൈനുദ്ധീന്‍ മണ്ണാര്‍ക്കാട്(ജോ: സെക്രട്ടറി ), റഷീദ് കൂറ്റനാട് (ജോ: സെക്രട്ടറി ), നാസര്‍ വിളയൂര്‍(ഫൈനാന്‍സ് കണ്‍ട്രോളര്‍), ഷൗക്കത്ത് പനമണ്ണ (വെല്‍ഫെയര്‍ കണ്‍വീനര്‍), നവാസ് മേപ്പറമ്പ് (ഇവന്റ് കണ്‍വീനര്‍ ), മുജീബ് മൂത്തേടത്ത് (മീഡിയ കണ്‍വീനര്‍ ), താജുദ്ദീന്‍ മണ്ണാര്‍ക്കാട് (ജോ : മീഡിയ കണ്‍വീനര്‍), പ്രജീഷ് പാലക്കാട്, ഖാജാ ഹുസൈന്‍ മലമ്പുഴ, ബാദുഷ കോണിക്കുഴി, ഷാജി ആലത്തൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!