പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു. ഡിസംബര്‍ 31നകം ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമാകും. ഇതോടെ ബാങ്കുകളില്‍ മറ്റും നടത്തുന്ന ഇടപാടുകള്‍ക്ക് ചിലപ്പോള്‍ തടസ്സപ്പെടുമെന്നാണ് ആദായനികുതി വകുപ്പ് നല്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
പാന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ദുരുപയോഗങ്ങള്‍ തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ കൃത്യമായും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് പറയുന്നത്. കൂടാതെ രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴോ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴോ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഇതുവഴി പാന്‍ കാര്‍ഡിന്റെ ആധികാരികത വര്‍ധിക്കും. കൂടാതെ, ഒരാള്‍ ഒന്നിലധികം പാന്‍ കാര്‍ഡ് സ്വന്തമാക്കുന്നതും ഒഴിവാകും.
പാന്‍ കാര്‍ഡു ആധാറും തമ്മില്‍ ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്സൈറ്റില്‍ പോയി Link Aadhaarല്‍ ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്കിയാല് ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. മൊബൈലില്‍ വരുന്ന ഒടിപി നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്.
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് എന്ന് താഴെ പറയുന്ന രീതിയില്‍ പരിശോധിക്കാം. ഇന്‍കം ടാക്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം. https://www.incometax.gov.in/iec/foportal/ എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.’Quick Links’ എന്ന സെക്ഷനില്‍ ‘Link Aadhaar Status’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പാന്‍ നമ്പരും ആധാര്‍ നമ്പരും നല്‍കുക. ‘View Link Aadhaar Status’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. വാലിഡേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആധാര്‍ പാന്‍ ലിങ്ക് സ്റ്റാറ്റസ് മെസേജ് വഴി ലഭ്യമാകും.
എസ്എംഎസ് വഴിയും ഇവ പരിശോധിക്കാം. UIDPAN <12 അക്ക ആധാര്‍ നമ്പര്‍> <10 അക്ക പാന്‍ നമ്പര്‍> എന്ന സന്ദേശം ടൈപ്പ് ചെയ്യുക.’567678′ അല്ലെങ്കില്‍ ‘56161’ എന്നീ നമ്പരിലേക്ക് സന്ദേശം അയക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് മറുപടിയായി ആധാര്‍ പാന്‍ ലിങ്ക് സ്റ്റാറ്റസ് ലഭിക്കും.