പാരിസ്: പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ 5 മലയാളിതാരങ്ങള്‍ക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍ക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. ദേശീയ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍ (റിലേ ), അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജമ്പ്), പി ആര്‍ ശ്രീജേഷ് (ഹോക്കി ), എച്ച് എസ് പ്രണോയ് ( ബാഡ്മിന്റന്‍ ) എന്നിവര്‍ക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്‌സിനുള്ള മറ്റ് ഒരുക്കങ്ങള്‍ക്കുമാണ് ഈ തുക.
കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമില്‍ ഇത്തവണയും മെഡല്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിന്റണില്‍ പ്രണോയും ഫോമിലാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനാകെയും മന്ത്രി വിജയാശംസകള്‍ നേര്‍ന്നു.