ന്യൂഡല്‍ഹി: പാര്‍ശ്വനാഥ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ സഞ്ജീവ് ജെയിനെ പിന്തുടര്‍ന്ന് പിടികൂടി ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. ഡല്‍ഹി വിമാനത്താവള പരിസരത്ത് 60 കിലോമീറ്ററോളം വണ്ടിയില്‍ പിന്തുടര്‍ന്നാണ് പൊലീസ് സഞ്ജീവ് ജെയിനെ പിടികൂടിയത്. പൊലീസ് പിന്തുരുന്നത് കണ്ടാണ് സഞ്ജീവ് ജെയിന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് കടന്നുകളയാന്‍ സഞ്ജീവ് ശ്രമം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിമാനത്താവളത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
സഞ്ജീവ് ജെയിന് പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഐജിഐ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് സഞ്ജീവിനെ പിടികൂടാന്‍ ശ്രമിച്ചത്. നിലവില്‍ ജെയിനെതിരെ ജാമ്യമില്ല വകുപ്പില്‍ ചുമത്തിയ നാലു കേസുകളും ജാമ്യം ലഭിക്കാവുന്ന വകുപ്പിലുള്ള ഒരു കേസും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പക്കല്‍ നിലനില്‍ക്കുന്നുണ്ട്. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ മുമ്പാകെ ജെയിനെ പൊലീസ് ഹാജരാക്കി.