തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. ചര്‍ച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അഞ്ച് മിനുട്ടുകൊണ്ടാണ് നിയമസഭയില്‍ തദ്ദേശ വാര്‍ഡ് വിഭജന ബില്‍ പാസാക്കിയത്.
സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെയാണ് ബില്‍ പാസാക്കിയത്. അസാധാരണ ഘട്ടങ്ങളില്‍ മാത്രമാണ് ബില്‍ സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെ പാസാക്കാറുള്ളത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബില്‍ അഞ്ച് മിനുട്ടുകൊണ്ട് പാസാക്കിയതെന്നാണ് അന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്.
941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണ് നിലവില്‍ ഉള്ളത്. പുതിയ ബില്‍ നിയമായതോടെ ഇതില്‍ മാറ്റം വരും. നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിക്കും.
വാര്‍ഡ് വിഭജനത്തിനായി 2019 ല്‍ ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. എന്നാല്‍ നിയമസഭ ബില്‍ പാസാക്കി. പിന്നാലെ കോവിഡ് വന്നതോടെ വാര്‍ഡ് വിഭജനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ആ നിയമത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ തദ്ദേശ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.
2011-ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്ന വിശ്വാസത്തിലാണ് പുനര്‍നിര്‍ണയ കമ്മിഷനും പ്രഖ്യാപിച്ചത്. ഒപ്പിടുന്നത് വൈകിയാലും നടപടി തുടരുന്നതിന് തടസ്സമില്ലായിരുന്നു. എന്നാല്‍ നിയമഭേദഗതിക്ക് അംഗീകാരം കിട്ടേണ്ടതുണ്ടായിരുന്നു.
തദ്ദേശസ്ഥാപനങ്ങളില്‍ ഒരു വാര്‍ഡുവീതം വര്‍ധിപ്പിക്കാന്‍, നിയമസഭാ സമ്മേളനത്തിനുമുന്‍പ് ഇറക്കിയ ഓര്‍ഡിനന്‍സ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ഗവര്‍ണര്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. അതിലും തീരുമാനം വൈകിയപ്പോഴാണ് നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചതും പ്രതിപക്ഷബഹളത്തിനിടെ ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കിയതും. സബജക്ട് കമ്മിറ്റിക്കുവിടാതെ ബില്ലുകള്‍ പാസാക്കിയതിനെതിരേ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതിയും നല്‍കി.
ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തില്‍ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. രണ്ടാംഘട്ടത്തിലാണ് 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുക. അന്തിമഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും നടപ്പിലാക്കും.അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
2015ല്‍ ഭാഗികമായ പുനര്‍നിര്‍ണ്ണയം നടന്നിരുന്നു.69 ഗ്രാമപ്പഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കോര്‍പ്പറേഷനും പുതുതായി രൂപവത്കരിച്ചു. എന്നാല്‍ ഗ്രാമപ്പഞ്ചായത്തുകളുടെയും നാലു മുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബാക്കി തദ്ദേശസ്ഥാപനങ്ങളില്‍ 2001-ലെ സെന്‍സസ് പ്രകാരമുള്ള വാര്‍ഡുകളാണ് ഇപ്പോഴുള്ളത്. സമീപകാലത്തെ വാര്‍ഡ് വിഭജനനടപടികള്‍ പലതും രാഷ്ട്രീയവിവാദമായിരുന്നു. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്.
ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വിഭജിക്കുമ്പോള്‍ ഏറക്കുറെ എല്ലാവാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ മാറ്റമുണ്ടാകും. ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാത്ത മട്ടന്നൂര്‍ നഗരസഭയില്‍ വിഭജനം പിന്നീട് നടക്കും. ബാക്കി 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865 വാര്‍ഡുകളിലായിരിക്കും പുനഃക്രമീകരണം. 2025 നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും.