25 December 2024

കോഴിക്കോട്: ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കത്തിന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ പൊലീസ് പിടികൂടി. ഫറോക്ക് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോഷണം നടത്തിയ സംഭവത്തിലാണ് മലപ്പുറം ചേലേമ്പ്ര പെരുന്നേരി തോട്ടുമ്മല്‍ മുഹമ്മദ് മുസ്താഖ്(29) പിടിയിലായത്. കൂട്ടുപ്രതികളായ സുബിന്‍ അശോക്(കണ്ണന്‍), ആശിഖ് എന്നിവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് നല്ലളം പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ അതിനായുള്ള ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം എത്തിയ ജീവനക്കാരാണ് ഓഫീസ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ നേരത്തേ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടികൂടിയ ആറ് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് ലാപ്ടോപ്പുകളും ക്യാമറയും നഷ്ടമായതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്‌കൂളിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് യുവാക്കളുടെ ദൃശ്യം ലഭിച്ചു. തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ഗള്‍ഫ് ബസാര്‍ പരിസരത്ത് നിന്ന് മുസ്താഖിനെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ഏതാനും തൊണ്ടിമുതലുകളും ലഭിച്ചതായാണ് സൂചന.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാള്‍ മോഷണം, കഞ്ചാവ് വില്‍പന തുടങ്ങിയ കേസുകളില്‍ നേരത്തേയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നല്ലളം ഇന്‍സ്പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ എസ്ഐമാരായ എന്‍ റിന്‍ഷാദലി, കെകെ രതീഷ്, പി പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!