ചൊവ്വാഴ്ച പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും. പാലക്കാടാണ് മോദിയുടെ റോഡ് ഷോ. ആഴ്ച അവസാനത്തോടെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വമ്പന്‍ വരവേല്‍പ്പ് ഒരുക്കാനാണ് യുഡിഎഫ് നീക്കം. സിഎഎയില്‍ മാത്രം ഊന്നിയുള്ള പ്രചാരണത്തിലാണ് ഇടത് നീക്കം. കൊടും വെയില്‍, നാല്പത് ദിവസം പ്രചാരണത്തിന് വന്‍തുകയും ആവശ്യമാണ്. ഈ രണ്ടു വെല്ലുവിളികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം.
ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കിലും ഇതുവരെ ഉയര്‍ത്തിയ ആവേശം ഒട്ടും കുറക്കാന്‍ മുന്നണികള്‍ തയ്യാറാല്ല.ഒന്ന് മെല്ലെപ്പോക്ക് നടത്തിയാല്‍ പോരില്‍ പിന്തള്ളപ്പെടുമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പേടി. ഓരോ വോട്ടും സീറ്റും അത്ര നിര്‍ണ്ണായകമാണ്.
രണ്ടാം ഘട്ടത്തിനപ്പുറത്തേക്ക് പോളിംഗ് പോയാലായിരുന്നു ആശങ്ക കൂടുതല്‍. തിയ്യതിയില്‍ ആകെയുള്ള പ്രശ്‌നം വെള്ളിയാഴ്ചാണ് വോട്ടെടുപ്പ് എന്നതാണ്. വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുസ്ലീം സംഘടനകള്‍.