24 December 2024

ഇന്തോനേഷ്യയില്‍ രണ്ട് പൈലറ്റുമാരും ഉറങ്ങി പോയതിനെ തുടര്‍ന്ന് വിമാനം 28 മിനിറ്റ് ദിശമാറി ഓടിയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി (കെഎന്‍കെടി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ജനുവരി 25ന് നടന്ന സംഭവത്തില്‍ കെഎന്‍കെടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്തോനേഷ്യ ഗതാഗത മന്ത്രാലയം അന്വേഷണം നടത്തും. കെഎന്‍കെടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച്, തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യയിലെ കെന്ദരിയില്‍ നിന്നുള്ള ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള യാത്രയ്ക്കിടെ ബാറ്റിക് എയര്‍ ബിടികെ 6723 എന്ന വിമാനത്തിലെ പൈലറ്റും സഹ പൈലറ്റുമാണ് ഉറങ്ങിപ്പോയത്.

ഈ സമയം വിമാനത്തില്‍ 153 യാത്രക്കരും നാല് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും ഉണ്ടായിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയില്‍ ആര്‍ക്കും പരിക്കുകളോ, വിമാനത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല. പറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ കുറച്ചുനേരം വിശ്രമിക്കുകയാണെന്ന് സഹ പൈലറ്റിനോട് പറഞ്ഞു.

എന്നാല്‍ സഹപൈലറ്റും കുറച്ച് സമയത്തിന് ശേഷം ഉറങ്ങിപ്പോയി. ജക്കാര്‍ത്തയിലെ ഏരിയ കണ്‍ട്രോള്‍ സെന്റര്‍ വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പൈലറ്റുമാരില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. 28 മിനിറ്റിനുശേഷം പൈലറ്റ് ഉണര്‍ന്നപ്പോള്‍ സഹപൈലറ്റും ഉറങ്ങുന്നതായി കണ്ടു. വിമാനം ശരിയായ ദിശയിലല്ല പോകുന്നതെന്ന് കണ്ടെത്തി. ഇതിനുശേഷം ഇരുവരും എടിസിയുമായി ബന്ധപ്പെടുകയും വിമാനം ശരിയായ വഴിയില്‍ എത്തിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!