23 December 2024

ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം യഹ്യ മരിച്ചുവെന്ന് ഉറപ്പുവരുത്താനായി ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) കൈവിരലുകള്‍ മുറിച്ചുമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സേനയുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തലയോട്ടി പൊട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്.

തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ഇസ്രയേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിലാണ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തില്‍ ഇസ്രായേലിന്റെ വലിയ വിജയമായാണ് സിന്‍വാറിന്റെ മരണം എന്നാണ് വിലയിരുത്തല്‍. സിന്‍വാര്‍ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സിന്‍വാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹമാസില്‍ നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയില്‍ ടെഹ്റാനില്‍ വെച്ച് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിന്‍വാര്‍ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായി ചുമതലയേല്‍ക്കുന്നത്.

അതേസമയം, ഗാസ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബര്‍ 7-ന് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നായിരുന്നു യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിച്ചിരുന്നത്. സിന്‍വാറിന്റെ മരണം നിലവിലെ പ്രതിസന്ധിക്ക് കാരണമാകുമെങ്കിലും സംഘര്‍ഷം വഴിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തയ്യാറല്ല ഹമാസ് ഗ്രൂപ്പ്. 2004 മുതല്‍ 2017 വരെ ഹമാസിനെ നയിച്ചിരുന്ന ഖാലിദ് മെഷാലാണ് സിന്‍വാറിന്റെ സ്ഥാനത്തേക്ക് ഇനി എത്തുക എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!