ലഖ്നൗ: കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ കനൗജില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ രാം കൃപാല്‍ സിംഗ് എന്ന പൊലീസുകാരനാണ് 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്. സൗരിഖ് പൊലീസ് സ്റ്റേഷനു കീഴിലുള്ള ഭവല്‍പൂര്‍ ചപ്പുന്ന ചൗക്കിയിലെ സബ് ഇന്‍സ്പെക്ടറാണ് രാം കൃപാല്‍ സിംഗ്. കൈക്കൂലി ചോദിച്ചതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കോഡ് രൂപത്തിലാണ് ഉദ്യോഗസ്ഥന്‍ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഓഡിയോയില്‍ സബ് ഇന്‍സ്‌പെക്ടര്‍ കര്‍ഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെടുന്നത് കേള്‍ക്കാം. 5 കിലോ തരാന്‍ കഴിവില്ലെന്നും 2 കിലോ തരാം എന്നും കര്‍ഷകന്‍ പറയുന്നതും കേള്‍ക്കാം. ഓഡിയോ വൈറലായതിനു പിന്നാലെ സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ കനൗജ് എസ്പി അമിത് കുമാര്‍ ആനന്ദ് ഉത്തരവിട്ടു . കനൗജ് സിറ്റിയിലെ സര്‍ക്കിള്‍ ഓഫീസര്‍ കമലേഷ് കുമാറിനെയാണ് കേസിന്റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് .കേസില്‍ വകുപ്പുതല അന്വേഷണവും നിര്‍ദേശിച്ചിട്ടുണ്ട്.