കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക.
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു. ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വഴിയെ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
‘രണ്ട് ദിവസത്തിനകം കാണാം എന്ന് പറഞ്ഞത് ഭീഷണിയാണ്. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാന്‍ ദിവ്യയ്ക്ക് എന്താണ് അധികാരം. ദിവ്യ പങ്കെടുത്തത് പൊതുപരിപാടി അല്ല. പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്. കളക്ടര്‍ക്ക് പരിപാടിയില്‍ റോള്‍ ഇല്ല. യാത്രയയപ്പ് ചടങ്ങ് സ്വകാര്യ പരിപാടിയാണ്. കളക്ടറോട് ദിവ്യ എഡി എമ്മിനെതിരെ പരാതി രാവിലെ തന്നെ പറഞ്ഞിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം പറയേണ്ടെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞു. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കില്‍ അധികാരികളോട് അറിയിക്കാമായിരുന്നു’, പ്രോസിക്യൂഷന്‍ വാദിച്ചു.
ഗംഗാധരന്റെ പരാതി ഒന്നുമില്ലെന്നും പണം നല്‍കിയില്ലെന്ന് ഗംഗാധരന്‍ മാധ്യമങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ‘എന്തിനാണ് വിജിലന്‍സും ഇന്റലിജന്‍സും. എല്ലാവരും കൂടി ഉദ്യോഗസ്ഥര്‍ക്കെതിരെ മൈക്ക് കെട്ടി പറഞ്ഞാല്‍ സമൂഹത്തിന്റെ അവസ്ഥ എന്താകും’, പ്രോസിക്യൂഷന്‍ ചോദിച്ചു.
സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത പ്രയാസമാണുണ്ടായതെന്നും സംഭവത്തിന് ശേഷവും അദ്ദേഹത്തെ താറടിച്ച് കാണിക്കുന്നുവെന്നും കുടുംബവും വാദിച്ചു. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു എന്നത് തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ പേര് വ്യത്യസ്തമാണ്. ഒപ്പും വ്യാജമാണ്. മരണത്തിന് ശേഷം തയ്യാറാക്കിയ പരാതിയാണിത്. പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ പെട്ടെന്ന് തന്നെ വിജിലന്‍സിനോട് പറയണമായിരുന്നു. ചാനലുകാരെ വിളിച്ചു വരുത്തി പറയാന്‍ പാടില്ലായിരുന്നു’, കുടുംബം വാദിച്ചു.
പെട്രോള്‍ പമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ ഉള്ള വിഷയമല്ലെന്നും പിന്നെ എന്തിനാണ് വിളിച്ചതെന്നും കുടുംബം ചോദിക്കുന്നു. പ്രശാന്തനും ദിവ്യയും തമ്മില്‍ ദുരൂഹമായ ബന്ധമുണ്ട്. ദിവ്യ വരുമ്പോള്‍ അദ്ദേഹം സന്തോഷവാന്‍ ആയിരുന്നെന്നും പിന്നീടാണ് മുഖം മാറിയതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
‘മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണിത്. ആരോപണത്തിന് പിന്നില്‍ വൈരാഗ്യമാണ്. നിയമവിരുദ്ധമായ അനുമതി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. കൈക്കൂലി വാങ്ങിച്ചതിന് ഉറപ്പില്ലെന്ന് പറയുന്നു. ഉറപ്പില്ലാത്ത കാര്യത്തിനാണ് പൊതുമധ്യത്തില്‍ അവഹേളിച്ചത്. എ ഡി എമ്മിനെ അപമാനിക്കാനാണ് ഉപഹാരം നല്‍കാതെ ഇറങ്ങി പോയത്. പരിപാടി കഴിഞ്ഞ ഉടനെ ആത്മഹത്യ ചെയ്യുമെന്ന് അവരും വിചാരിച്ചു കാണില്ല. പക്ഷെ അപമാനിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നു. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ദിവ്യയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ അവസ്ഥയല്ല നോക്കേണ്ടത് . നവീന്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് നോക്കേണ്ടത്’, നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചു
എന്നാല്‍ കളക്ടറും ദിവ്യയും തമ്മില്‍ സംസാരിച്ചെന്ന് പ്രോസിക്യൂട്ടര്‍ സമ്മതിച്ചല്ലോയെന്നും എന്താണ് സംസാരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെയെന്നും ദിവ്യയുടെ അഭിഭാഷകനും വാദിച്ചു. കണ്ണില്‍ നിന്ന് ചോരയാണ് വീണത് എന്ന് ഗംഗാധരന്‍ പറഞ്ഞിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ദിവ്യ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ വാദിച്ചു.
‘മുന്‍കൂര്‍ ജാമ്യം പരിഗണനയിലിരിക്കുമ്പോള്‍ എങ്ങനെ ഹാജരാകും. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നില്ല. ഐഎഎസ് ഓഫീസറുടെ മുന്നില്‍ ഹാജരാകാത്തതും ഇതേ കാരണത്താലാണ്. ഹാജരാകില്ലെന്ന് പറഞ്ഞിട്ടില്ല. സമയം ചോദിക്കുകയാണ് ചെയ്തത്. പ്രശാന്തനെ വിജിലന്‍സ് ഓഫീസര്‍ 14.10.2024ന് വിളിച്ചിട്ടുണ്ട്. അവിടെ പോയതിന്റെ സിസിടിവി ദൃശ്യങ്ങളും ഉണ്ട്’, ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.