കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പിപി ദിവ്യയെ സംരക്ഷിക്കില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ മാറ്റിയതാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് വ്യക്തമാക്കി.
ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. അതില്‍ ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ കെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പം ഇല്ല എന്ന വ്യാഖ്യാനത്തിന് ഇടവരുത്തുന്ന പ്രസ്താവനകളില്‍ നിന്നും നേതാക്കള്‍ മാറിനില്‍ക്കണമെന്നും എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതി ചേര്‍ത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
കേസില്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബം കേസില്‍ കക്ഷി ചേര്‍ന്നു. അന്വേഷണ സംഘം ഇന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മൊഴിയെടുക്കാന്‍ പൊലീസ് അനുമതി തേടിയിരുന്നുവെന്നും സത്യം സത്യമായി പറയുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു.