28 December 2024

കോഴിക്കോട്: പിഎസ്സി നിയമന വിവാദത്തില്‍ പരാതിക്കാരന്റെ വീട്ടിന് മുന്നില്‍ നടത്തിയ സമരം പ്രമോദ് കോട്ടുളി അവസാനിപ്പിച്ചു. സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീട്ടിന് മുന്നിലാണ് സമരം തുടങ്ങിയത്. അമ്മയും മകനും പ്രമോദിനൊപ്പമുണ്ടായിരുന്നു. അമ്മക്ക് അധിക സമയം ഇരിക്കാന്‍ കഴിയില്ലെന്നും അവരുടെ ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇപ്പോള്‍ താല്‍കാലികമായി പ്രതിഷേധം അവസാനിപ്പിക്കുന്നതെന്നും പ്രമോദ് പറഞ്ഞു.


തന്റെ നിരപരാധിത്വം തെളിയുന്നത് വരെ പോരാട്ടം തുടരുമെന്നും അതിന് എല്ലാ വഴികളും നോക്കുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. ”ഞാന്‍ 22 ലക്ഷം വാങ്ങി എങ്കില്‍ തെളിവ് തരണം. പണം കൊടുത്തത് ആര് ആര്‍ക്ക് എന്ന് എപ്പോള്‍ എവിടെ എന്ന് എന്റെ അമ്മയോട് ആരോപണം ഉന്നയിച്ച വ്യക്തി പറയണം” എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രമോദ് പരാതിക്കാരന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയത്.

പരാതിക്കാരന്‍ തന്റെ പരിചയക്കാരനാണെന്ന് പ്രമോദ് പറയുന്നു. പി.എസ്.സി കോഴയുമായി ബന്ധപ്പെടുത്തി എന്ത് ചെയ്യണമെന്ന് അറിയുന്ന വലിയ ആളൊന്നുമല്ല താനെന്നും ഒരു കാരണവശാലും താന്‍ പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും പ്രമോദ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് സഹോദര തുല്യനാണെന്നും ഒരു സഹോദരന്‍ ഒരിക്കലും മറ്റൊരു സഹോദരനെ കശാപ്പ് ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രസ്ഥാനത്തില്‍ നിന്ന് പുറത്തായപ്പോള്‍ താന്‍ മരണപെട്ടെന്ന് പ്രമോദ് പറഞ്ഞു. ചാര കേസില്‍ അകപ്പെട്ട നമ്പി നാരായണന്റെ അവസ്ഥ ആണ് തനിക്കെന്ന് പ്രമോദ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!