23 December 2024

പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ കൊന്ന് കത്തിച്ച ശേഷം കാമുകൻ ആത്മഹത്യ ചെയ്തിന് പിന്നിലും പ്രണയപകയെന്ന് റിപ്പോർട്ട്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ കെ.പി. പ്രവിയ (30)യെ കുത്തികൊലപ്പെടുത്തി മൃതദേഹം കത്തിച്ച ശേഷം തൃത്താല ആലൂർ സ്വദേശിയായ സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പത്തിലായിരുന്നെങ്കിലും യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് സന്തോഷിനെ പ്രകോപിപ്പിച്ചത്.

കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം 29 ന് പ്രവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു.

നേരത്തെ മറ്റൊരാളെ വിവാഹം ചെയ്ത പ്രവിയ പിന്നീട് ഈ ബന്ധം വേർപെടുത്തിയിരുന്നു. ഇതിന് ശേഷമാണ് യുവതി സന്തോഷുമായി അടുപ്പത്തിലായത്. തന്നെ വിവാഹം കഴിക്കണമെന്ന് സന്തോഷ് പ്രവിയയെ നിർബന്ധിച്ചിരുന്നു. എന്നാൽ പ്രവിയ ഇതിന് തയ്യാറാകാതെ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചത്. ഇതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് രാവിലെയാണ് പാലക്കാട് പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപത്ത് പ്രവിയയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് സമീപത്തായി ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു. ഈ ഹോണ്ട ഡിയോ സ്കൂട്ടർ നിലത്ത് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം തൊട്ടടുത്തായിരുന്നു. വയലിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പുല്ല് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവം കൊലപാതകമാണെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ സംശയം തോന്നിയിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അക്രമി സന്തോഷാണെന്നും ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും മനസിലായത്. മരിച്ച പ്രവിയക്ക് 30 വയസായിരുന്നു പ്രായം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!