ദില്ലി: കലാപവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച സാഹചര്യമടക്കം ബംഗ്ലാദേശ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അക്രമം അതിരൂക്ഷമായ ബംഗ്ലാദേശിലെ സാഹചര്യം അതിര്‍ത്തി രാജ്യമായ ഇന്ത്യക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ മോദി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി പ്രധാനമന്ത്രി ബംഗ്ലാദേശ് സാഹചര്യം ചര്‍ച്ച ചെയ്തു.
ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനനടക്കം കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ കൂട്ടി. ഹൈക്കമ്മീഷനു മുന്നിലെ എല്ലാ ഗേറ്റുകളും ബാരിക്കേഡ് കൊണ്ട് അടച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും.
സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാന്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്കായി ഹെല്‍പ്ലൈന്‍ തുറന്നിട്ടുണ്ട്. നമ്പര്‍ – +8801958383679, +8801958383680, +8801937400591.
രാജിവച്ച ഷെയ്ക് ഹസീന അതിനിടെ ഇന്ത്യയിലെത്തി. ദില്ലി വിമാനത്താവളത്തിലെത്തിയ ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. സംവരണ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷ കലാപമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവര്‍ രാജ്യം വിട്ടത്.
ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെങ്കിലും ഇന്ത്യയില്‍ അഭയം നല്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഷെയ്ക് ഹസീന ബെലറൂസിലേക്കോ ലണ്ടനിലേക്കോ പോയെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദില്ലിയില്‍ സൈനിക വിമാനമിറങ്ങിയത്.